മുല്ലപ്പെരിയാര്‍ തുറന്നു വിടുന്ന സാഹചര്യം നേരിടാന്‍ കേരളം തയ്യാറാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഇടുക്കി ആര്‍ഡിഒ എന്നിവരെ മേഖലയില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. തഹസില്‍ദാറും വില്ലേജ് ഓഫീസറും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും പൊലീസ്, ഫയര്‍ഫോഴ്സ്, എന്‍ഡിഐര്‍എഫ് സംഘങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
ക്യാംപുകളും വാഹനങ്ങളും ഉദ്യോഗസ്ഥരും സജ്ജം. എത്ര ജലം ഒഴുക്കുമെന്ന് അറിയുന്ന മുറയ്ക്ക് ഒഴിപ്പിക്കല്‍ തുടങ്ങും. വൈകിട്ട് മുല്ലപ്പെരിയാറില്‍ ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന യാതൊരു സാഹചര്യവും ഇല്ല. ഡാമില്‍ നിന്ന് ജലം ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടായാല്‍ പെരിയാര്‍ തീരത്തുള്ള ജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാ സുരക്ഷാ ക്രമീകരവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും, ആര്‍ക്കെല്ലാമാണ് ചുമതല എന്നിവ സംബന്ധിച്ച് ഇന്നലെ നടന്ന യോഗത്തില്‍ റവന്യൂ വകുപ്പിന് കര്‍ശന നിയന്ത്രണങ്ങളാണ് റവന്യൂ മന്ത്രി നല്‍കിയിരിക്കുന്നത്. ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് എടുത്തിട്ടുണ്ട്.
അതേസമയം പെരിയാര്‍ തീരത്തെ ആളുകളെ മാറ്റി താമസിപ്പിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായതായി ഇടുക്കി ആര്‍ഡിഒ എംകെ ഷാജി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 60 വയസ്സ് കഴിഞ്ഞവരെയും വികലാംഗരെയും കിടപ്പു രോഗികളെയും മാറ്റും. ആളുകള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. വളര്‍ത്തു മൃഗങ്ങളെ മാറ്റാനുള്ള നടപടി മൃഗ സംരക്ഷണ വകുപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 23 കിലോമീറ്ററോളം ഇടുക്കി അണക്കെട്ടിലേക്ക് ജലം ഒഴുകിയെത്തുമ്പോള്‍ മാറ്റിപാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്കായി 20 ലധികം ക്യാമ്പുകള്‍ സജ്ജമാണ്. പ്രായം കൂടിയവര്‍, രോഗാതുരരായിട്ടുള്ളവര് എന്നിവര്‍ക്കു വേണ്ടി പ്രത്യേക കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡം അനുസരിച്ച് ആളുകളെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാറ്റി പാര്‍പ്പിക്കലിന് ആവശ്യമായ വാഹന സൗകര്യവും ജെസിബി അടക്കമുള്ള സാമഗ്രികളും തയ്യാറാണ്.
അവസാന ഘട്ട യോഗത്തിനായി റവന്യൂ, ജലവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും മുല്ലപ്പെരിയാറില്‍ എത്തിച്ചേരുമെന്നും മന്ത്രി അറിയിച്ചു. ജലനിരപ്പ് 142 അടിയാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തെ കേരളം മേല്‍നോട്ട സമിതിക്ക് മുന്നില്‍ എതിര്‍ത്തു. തമിഴ്നാടിന്റെ റൂള്‍ കര്‍വ് അംഗീകരിക്കാനാകില്ലെന്നും 137 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ മേല്‍നോട്ട സമിതിയുടെ തീരുമാനം പറയുമ്പോള്‍ കേരളത്തിന്റെ ആശങ്ക കോടതിയുടെ നിര്‍ദേശ പ്രകാരം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ടാണ് ശാശ്വത പരിഹാരമെന്നും കേരളം ആവശ്യപ്പെട്ടു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം മേല്‍നോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ കേരളം ആശങ്കകള്‍ അറിയിച്ചിരുന്നു. യോഗത്തില്‍ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേല്‍നോട്ട സമിതിയുടേത്. എന്നാല്‍ സുപ്രീംകോടതിയില്‍ വിപരീത നിലപാടാണ് മേല്‍നോട്ട സമിതി സ്വീകരിച്ചത്. ഇതോടെയാണ് കേരളത്തിന് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.


