മൂവാറ്റുപുഴ : ചാലിക്കടവ് പാലം തുറന്നു. നിര്‍മ്മാണത്തിനായി ആഗസ്റ്റ് നാലിന് അടച്ച പാലം മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് തുറന്ന് നല്‍കിയത്. ഇതോടെ നഗരഗതാഗതക്കുരുക്കിന് അല്‍പ്പമെങ്കിലും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
മൂവാറ്റുപുഴയിലെ ഗതാഗത കുരുക്കടക്കമുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്താണ് റോഡു പണി അതിവേഗം പൂര്‍ത്തിയാക്കിയതെന്ന് എം എല്‍ എ പറഞ്ഞു. പാലം പ്രദേശത്ത് ജൂലൈ 31 ന് നാട്ടുകാരുടെയും വ്യാപാരികളുടെയും വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെയും വിപുലമായ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗ തീരുമാന പ്രകാരമാണ് ജനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. റോഡ് പൂര്‍ണ്ണമായും അടച്ചിട്ട് മികച്ച നിലവാരത്തില്‍ റോഡ് നിര്‍മ്മാണത്തിന് തീരുമാനിച്ചത്.
ആഗസ്റ്റ് നാലിനാണ് പാലം പൂര്‍ണ്ണമായും അടച്ചുള്ള റോഡ് പണി ആരംഭിച്ചത്. 60 ദിവസത്തെ സമയമാണ് എം എല്‍ എ ജനങ്ങളോട് ചോദിച്ചിരുന്നത്. എന്നാല്‍ അതിനും മുന്‍പേ റോഡ് പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ഉദ്യോഗസ്ഥരുടെയും പ്രദേശത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെയും നാട്ടുകാരുടെയും കരാറുകാരുടെയും നിര്‍ലോഭമായ സഹകരണത്താലാണെന്ന് എം എല്‍ എ പറഞ്ഞു.
55 സെന്റീമീറ്റര്‍ ഖനത്തിലാണ് റോഡിന്റെ കോണ്‍ക്രീറ്റ് . ഇവ മൂന്ന് ഘട്ടമായാണ് പൂര്‍ത്തിയാക്കിയത്. ആദ്യ 15 സെന്റീമീറ്റര്‍ മുഴുവന്‍ പൂര്‍ത്തീകരിക്കുകയും, രണ്ടാംഘട്ടമായി 15 സെന്റീമീറ്ററില്‍ അഞ്ചു മീറ്റര്‍ വീതിയിലുള്ള റോഡിന്റെ പാതി ഭാഗം പൂര്‍ത്തീകരിക്കുകയും ചെയ്തു. മൂന്നാം ഘട്ടമായിട്ടാണ് ശേഷിക്കുന ഭാഗത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.


