നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് കേന്ദ്ര ആഭ്യന്തരന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്. ഒരൊറ്റ എം.എല്‍.എ പോലുമില്ലാത്ത ബി.ജെ.പി പിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുകയാണെന്ന് സുധാകരന് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുന്നേ എന്ന് വിലപിച്ചു നടന്നു കൊണ്ടുതന്നെ നെഹ്റു ട്രോഫി വള്ളംകളിക്കും ഓണാഘോഷങ്ങള്‍ക്കും അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണ്. കേരളത്തിലെ ബി.ജെ.പിയുടെ ‘എ’ ടീം ആയാണ് ഇപ്പോള്‍ സി.പി.എം പ്രവര്‍ത്തിക്കുന്നത്. അഴിമതികളുടെ പേരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാല്‍ ബി.ജെ.പിയിലേക്ക് ചേക്കേറാനും പിണറായി മടിക്കില്ലെന്ന് അദ്ദേഹത്തിന്റെ സംഘപരിവാര്‍ വിധേയത്വം വ്യക്തമാക്കുകയാണെന്നും സുധാകരന് ആരോപിച്ചു.
അഴിമതിക്കേസുകളില്‍ അകത്താകാതിരിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും വിനീതവിധേയനായി നില്‍ക്കേണ്ടി വരുന്ന കേരള മുഖ്യമന്ത്രിയുടെ ഗതികേടില്‍ കോണ്‍ഗ്രസിന് സഹതാപമുണ്ട്. എണ്ണമറ്റ അഴിമതി കേസുകളില്‍ നിന്ന് രക്ഷനേടാനാണ് ബി.ജെ.പിയുടെ ചെരുപ്പ് നക്കല്‍ പിണറായി വിജയന് ശീലമാക്കുന്നതെങ്കില്‍ അതൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്ന് മാത്രം ഓര്‍മപ്പെടുത്തുന്നുവെന്നും കെ സുധാകരന് ഫേസ് ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരൊറ്റ എം.എല്‍.എ പോലുമില്ലാത്ത ബിജെപി പിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുകയാണ്
കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുന്നേ എന്ന് വിലപിച്ചു നടന്നു കൊണ്ടുതന്നെ നെഹ്റു ട്രോഫി വള്ളംകളിക്കും ഓണാഘോഷങ്ങള്‍ക്കും അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണ്. ആര്‍എസ്എസ്സുമായി പല ഘട്ടങ്ങളിലും സഹകരിച്ചിട്ടുണ്ട്, ഇനിയും സഹകരിക്കും എന്ന് പറഞ്ഞ പിണറായി വിജയനില്‍ നിന്നും ഞങ്ങള്‍ ബിജെപി വിരുദ്ധത അല്പം പോലും പ്രതീക്ഷിക്കുന്നില്ല.
കേരളത്തിലെ ബിജെപിയുടെ ‘എ’ ടീം ആയാണ് ഇപ്പോള്‍ സിപിഎം പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടതു പ്രകാരമായിരിക്കാം ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓര്‍മകള്‍ നിറഞ്ഞു നില്ക്കുന്ന വള്ളംകളിയിലേക്ക് നെഹ്റു വിരുദ്ധനായ അമിത് ഷായെ പിണറായി ക്ഷണിച്ചത്.
അഴിമതികളുടെ പേരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാല്‍ ബിജെപിയിലേക്ക് ചേക്കേറാനും പിണറായി മടിക്കില്ലെന്ന് അദ്ദേഹത്തിന്റെ സംഘപരിവാര്‍ വിധേയത്വം വ്യക്തമാക്കുകയാണ്. ആ ഭയം കൊണ്ടായിരിക്കാം ഇത്രയേറെ അഴിമതികള്‍ നടത്തിയ മുഖ്യമന്ത്രിയെ സിപിഎം ഇപ്പോഴും പിന്തുണയ്ക്കുന്നത്.
അഴിമതിക്കേസുകളില്‍ അകത്താകാതിരിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും വിനീതവിധേയനായി നില്‍ക്കേണ്ടി വരുന്ന കേരള മുഖ്യമന്ത്രിയുടെ ഗതികേടില്‍ കോണ്‍ഗ്രസ്സിന് സഹതാപമുണ്ട്. എണ്ണമറ്റ അഴിമതി കേസുകളില്‍ നിന്ന് രക്ഷനേടാനാണ് ബിജെപിയുടെ ചെരുപ്പ് നക്കല്‍ പിണറായി വിജയന് ശീലമാക്കുന്നതെങ്കില്‍ അതൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്ന് മാത്രം ഓര്‍മപ്പെടുത്തുന്നു.


