കെ.എസ്.ആര്.ടി.സി സര്‍വീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കാന്‍ നടപടി തുടങ്ങി. ഭീമമായ നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സര്‍വീസ് നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകള്‍ കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ നിന്ന് പിന്‍വലിക്കും. ബസുകള്‍ പിന്‍വലിക്കുന്നത് മൂലം ഒരു സര്‍വീസും മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്.ടി.സി സര്‍വീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എ.ബി.സി കാറ്റഗറികളിലായി തരം തിരിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഏറ്റവും നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
6185 ബസുകളാണ് കെ.എസ്.ആര്.ടി.സിക്കുള്ളത്. ഇതില്‍ 3800 ബസുകള്‍ സര്‍വീസിന് ആവശ്യം. സ്പെയര്‍ ബസുകള്‍ അടക്കം 4,250 ബസുകള്‍ മാത്രം നിലനിര്‍ത്തും. ബാക്കി 1,935 ബസുകള്‍ ഡിപ്പോകളില്‍ നിന്ന് പിന്‍വലിക്കും. അതേസമയം, ബസുകള്‍ പിന്‍വലിക്കുന്നത് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് യൂണിയനുകളുടെ ആക്ഷേപം.


