നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്നു സുപ്രീംകോടതി. കേസുകള്‍ പിന്‍വലിക്കാനുള്ള ഹര്‍ജി കോടതി തള്ളി. ജനപ്രതിനിധികളുടെ അവകാശത്തെക്കുറിച്ച് കോടതി വിധി പ്രസ്താവിച്ചു കൊണ്ട് ഓര്‍മിപ്പിച്ചു. ഉത്തരവാദിത്തം സഭയില്‍ നിര്‍ഭയമായി നിര്‍വഹിക്കാനാണ് അവകാശങ്ങള്‍. പൊതു നിയമം ജനപ്രതിനിധികള്‍ക്കും ബാധകമാണ്. പ്രത്യേക അവകാശവും പരിരക്ഷയും പൊതു നിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല.
കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്ത്വങ്ങളോടുള്ള വഞ്ചനയാണ്. പബ്ളിക് പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്.
2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ കയ്യാങ്കളി നടത്തുകയും സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. അന്ന് യുഡിഎഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് എല്‍ഡിഎഫിന്റെ ഭാഗമാണ്. വാദത്തിനിടെ കെഎം മാണി അഴിമതിക്കാരന് ആണെന്ന പരാമര്‍ശം സര്‍ക്കാര്‍ അഭിഭാഷകന് നടത്തിയത് വിവാദമായിരുന്നു.


