നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കണമെന്നു പ്രതിപക്ഷം. സഭയില്‍ മേശപ്പുറത്ത് കയറി പൊതു മുതല്‍ നശിപ്പിച്ചയാള്‍ വിദ്യാഭ്യാസ മന്ത്രിയായി തുടരരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. കേസിന്റെ മെറിറ്റിലേക്ക് കടന്നില്ലെന്ന ശിവന്‍കുട്ടിയുടെ വാദം മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പ്രതികരിച്ചു. ശിവന്‍കുട്ടി ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. താന്‍ നിരന്തരമായി നിയമ പോരാട്ടം നടത്തിയിരുന്നില്ലെങ്കില്‍ കേസ് ഇല്ലാതാക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയില്‍ വച്ച് ഒരു അംഗം മറ്റൊരു അംഗത്തെ കുത്തിക്കൊന്നാല്‍ കേസെടുക്കില്ലേ എന്ന് നേരത്തെ പ്രതിപക്ഷം ചോദിച്ചിരുന്നു. നിയമസഭയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും ഏത് പൗരനും ചെയ്യുന്ന തെറ്റ് വിചാരണയ്ക്ക് വിധേയമാകണം. സുപ്രിംകോടതി തങ്ങള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അക്രമ സംഭവങ്ങള്‍ക്ക് യാതൊരു പദവിയും ഒഴിവു കഴിവല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാനമായ വിധി പ്രഖ്യാപനത്തോട് കൂടി ഒരു മന്ത്രിയും ഒരു എംഎല്‍എയും ഉള്‍പ്പെടെ വിചാരണയ്ക്ക് വിധേയരാകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. നിയമസഭ തല്ലിത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത ഒരാള്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതി വിധി സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി.
മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും വിചാരണ നേരിടണം. വിചാരണ നേരിടേണ്ടവര്‍ വി ശിവന്‍ക്കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ്. വിധി പറഞ്ഞത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകളിലെ വാദത്തില്‍ കഴമ്പില്ലെന്നും കോടതി.
ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ. പദവികളും പ്രതിരോധശേഷിയും പദവിയുടെ അടയാളമല്ല, അത് അംഗങ്ങളെ തുല്യനിലയില്‍ നിര്‍ത്തുന്നുവെന്നും കോടതി പറഞ്ഞു.


