ഫസ്ടാഗ് സംവിധാനം എര്‍പ്പെടുത്തിയിട്ടും രാജ്യത്തെ ടോള്‍ പ്ലാസകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിച്ച് ദേശീയ പാതാ അതോറിറ്റി. പണം നേരിട്ട് സ്വീകരിച്ച് വാഹനങ്ങളെ കടത്തിവിടാന്‍ ടോള്‍ പ്ലാസാ അധികൃതര്‍ ശ്രമിക്കുന്നതാണ് ഇതിന് പ്രധാന കാരണം എന്നാണ് ദേശീയ പാതാ അതോറിറ്റിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പ്ലാസാ ചട്ടങ്ങള്‍ പുതുക്കാനുള്ള തീരുമാനം.
ടോള്‍പ്ലാസകളില്‍ വാഹന നിര 100 മീറ്ററിലധികം നീണ്ടാല്‍ ആ പരിധിക്കുള്ളിലെത്തുന്നതുവരെ ടോള്‍ ഈടാക്കാതെ കടത്തി വിടാന്‍ ദേശീയ പാതാ അതോറിറ്റിയുടെ നിര്‍ദേശം. രാജ്യത്ത് ഫാസ്ടാഗുകള്‍ 96% ആയ സാഹചര്യത്തില്‍ 10 സെക്കന്‍ഡില്‍ കൂടുതല്‍ ഒരു വാഹനം ടോള്പ്ലാസയിലുണ്ടാകരുതെന്നും എന്‍എച്ച്എഐ നിര്‍ദേശിച്ചു.
ഏറ്റവും തിരക്കേറിയ സമയത്തു പോലും 10 സെക്കന്‍ഡിലധികം ഒരു വാഹനത്തിന് ടോള്‍പ്ലാസയില്‍ ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകരുത്. 100 മീറ്ററിലധികം വാഹനനിര നീളരുത്. നീണ്ടാല്‍ 100 മീ. പരിധിക്കുള്ളില്‍ നിര വരുന്നതുവരെ വാഹനങ്ങള്‍ സൗജന്യമായി കടത്തിവിടും.100 മീറ്റര്‍ പരിധി ഉറപ്പാക്കാന്‍ ഓരോ ടോള്‍ ലെയ്നിലും മഞ്ഞ നിറത്തില്‍ വരകളുണ്ടാവും. ഉത്തരവാദിത്തത്തോടെയുളള പെരുമാറ്റം ടോള്‍ ബൂത്ത് ജീവനക്കാരില്‍ നിന്നുണ്ടാകണം.
ടാഗ് നടപ്പാക്കിയ ശേഷവും പല ടോള്‍ പാതകളിലും വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടെന്നു വന്നതോടെയാണു അതോറിറ്റി പുതിയ നിര്‍ദേശം നല്‍കിയത്. തൃശൂര്‍ പാലിയേക്കരയില്‍ 30% വാഹനങ്ങള്‍ ഫാസ്ടാഗില്ലാതെയാണു കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അത്തരം വാഹനങ്ങളുടെ ക്യൂ തിരക്കേറിയതാണ്.
ടാഗില്ലാത്തതും ടാഗില്‍ മതിയായ പണമില്ലാത്തതുമായ വാഹനങ്ങള്‍ സാധാരണ ട്രാക്കില്‍ കയറുന്നതു മൂലമുള്ള പ്രശ്നങ്ങളും ഏറെയാണ്. പുതിയ നിര്‍ദേശം ഫാസ്ടാഗുള്ള വാഹനങ്ങളുടെ ട്രാക്കിനു മാത്രമാണെന്നു ടോള്‍ കമ്പനി ചൂണ്ടിക്കാട്ടി.


