കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാദേശിക ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്.
രാജ്യത്തെ നിലവിലെ സാഹചര്യം അതീവ ഗുരുതരവും സങ്കീര്‍ണവുമാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണമെന്നാണ് ആവശ്യം. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളും പ്രാദേശിക ലോക്ക് ഡൗണിലേയ്ക്കാണ് വഴിവയ്ക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനം കടന്ന ജില്ലകളില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ രാജ്യത്തെ 150 ജില്ലകള്‍ അടച്ചിടണമെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ എത്രയും വേഗം മറുപടി നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
കേരളത്തില്‍ പത്തനംതിട്ട, കൊല്ലം ഒഴികെ പന്ത്രണ്ട് ജില്ലകളിലും ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. ലോക്ക്ഡൗണ്‍ വന്നാല്‍ പന്ത്രണ്ട് ജില്ലകള്‍ അടച്ചിടേണ്ടിവരും.


