ആഴക്കടല്‍ പദ്ധതി രൂപരേഖ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടശേഷമാണ് സര്‍ക്കാര്‍ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് രേഖകള്‍. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഫയലുകള്‍ മന്ത്രിമാര്‍ കണ്ടിട്ടില്ലെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്നതാണ് പുറത്തു വന്നിരിക്കുന്ന സര്‍ക്കാരിന്റെ തന്നെ രേഖകള്‍.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി സമര്‍പ്പിച്ച പദ്ധതി രൂപരേഖ രണ്ടു തവയാണ് ഫിഷറീസ് മന്ത്രി കണ്ടത്. ഇഎംസിസി സമര്‍പ്പിച്ച പദ്ധതി രൂപരേഖയില്‍ 2019 ഓഗസ്റ്റ് 9 നാണ് ഫിഷറീസ് വകുപ്പില്‍ നടപടികള്‍ ആരംഭിച്ചത്. 2019 ഒക്ടോബര്‍ 19 നാണ് ഫയല്‍ ആദ്യമായി മന്ത്രിയുടെ പരിഗണനയ്ക്ക് എത്തുന്നത്.
കമ്പനിയുടെ പശ്ചാത്തലം സംബന്ധിച്ച് കേന്ദ്രത്തോട് വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് ഫിഷറീസ് സെക്രട്ടറി ആദ്യമായി ഫയല്‍ മന്ത്രിക്ക് അയക്കുന്നത്. ഫയല്‍ കണ്ട ശേഷം മേഴ്സിക്കുട്ടിയമ്മ ഒക്ടോബര്‍ 21ന് ഫയല്‍ ഫിഷറീസ് സെക്രട്ടറിക്ക് തിരികെ നല്കി. 2019 നവംബര്‍ ഒന്നിന് ഫയല്‍ വീണ്ടും മന്ത്രിയുടെ അടുക്കലേക്ക്. രണ്ടാഴ്ചക്ക് ശേഷം നവംബര്‍ 18 ന് അഭിപ്രായം രേഖപ്പെടുത്തി മന്ത്രി ഫയല്‍ വീണ്ടും ഫിഷറീസ് സെക്രട്ടറിക്ക് കൈമാറി. ഇതിന് ശേഷമാണ് കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ വെച്ച് ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിടുന്നത്.


