പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വിമതരായി മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ അവര്‍ എത്ര ഉന്നതരായാലും പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഏത് ഉന്നത നേതാവായാലും അച്ചടക്കം അനിവാര്യമാണെന്നും വിമത സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാലും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമതരായി മത്സരിക്കുന്ന 17 പേരെ ലീഗില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
എത്ര ഉന്നത നേതാവ് ആണെങ്കിലും അച്ചടക്കം അനിവാര്യമാണ്. ഇവര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാലും പാര്‍ട്ടി തിരിച്ചെടുക്കില്ല. സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ‘പാര്‍ട്ടി നയം അനുസരിക്കുക എന്നത് ആണ് പ്രധാനം. എത്ര ഉന്നതന് ആണെങ്കിലും അത് വേണം. താഴെ തട്ടില്‍ നിന്നുള്ള നിര്‍ദേശം സംസ്ഥാന സമിതി നടപ്പാക്കുക ആണ് ചെയ്തത്. ഇവര്‍ ജയിച്ചാലും തിരിച്ചെടുക്കില്ല. അവരെ പാര്‍ട്ടി പുറത്താക്കിയതാണ് ‘- അദ്ദേഹം പറഞ്ഞു.
മൂന്നുപ്രാവശ്യം മത്സരിച്ചവര്‍ മാറണം എന്നത് പാര്‍ട്ടി തീരുമാനമായിരുന്നെന്നും ഈ തീരുമാനം തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ ജില്ലയില്‍ ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ 91 ശതമാനം പുതുമുഖങ്ങളാണ്. മൂന്നുവട്ടം മത്സരിച്ചവര്‍ മാറണം എന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കിയത് കൊണ്ടാണ് ഇത് സാധ്യമായത്. ഇക്കാര്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ‘വലിയ മാറ്റമാണ് ഉണ്ടാവുന്നത്. പാര്‍ട്ടി നയത്തില്‍ ഉറച്ച് നിന്നു, എല്ലാവരും അത് അനുസരിച്ചു. അത് കൊണ്ടാണ് ഇത്രയും പുതുമുഖങ്ങള്‍ക്ക് അവസരം നല്കാന് സാധിച്ചതെന്നും അദേഹം പറഞ്ഞു.
വെല്‍ഫെയര്‍ ബന്ധം ലീഗിന് തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കും. വെല്‍ഫെയര്‍ പാര്ട്ടിയുമായുള്ളത് സഖ്യമല്ലെന്നും തെരഞ്ഞെടുപ്പിനായി പ്രാദേശിക തലങ്ങളിലുള്ള ധാരണമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇടത് പക്ഷത്തിന് ഇക്കാര്യത്തില്‍ വിമര്‍ശിക്കാന്‍ ഒരു അവകാശവും ഇല്ല. പലയിടത്തും ഇടത് പക്ഷവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരുമിച്ച് നില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമര്‍ശിക്കാന്‍ ഒരു അവകാശവും ഇല്ല’- അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മുന്നണി കഴിഞ്ഞ തവണത്തെക്കാള്‍ താഴെ തട്ടില്‍ ശക്തമാണ്. അന്ന് 24 ഇടത്ത് ലീഗും കോണ്‍ഗ്രസും പരസ്പരം മല്‍സരിച്ചു എങ്കില്‍ ഇത്തവണ 3 ഇടങ്ങളില്‍ മാത്രമാണ് മുന്നണി ഇല്ലാത്തത്. കരുവാരകുണ്ട്, പൊന്മുണ്ടം, മക്കരപ്പറമ്പ് എന്നിവിടങ്ങളില്‍ ആണ് മുന്നണി ഇല്ലാതെ പരസ്പരം മത്സരിക്കുന്നത്. ഇവിടങ്ങളില്‍ മുന്നണി രൂപീകരിക്കാന്‍ കഴിയാത്തത് പ്രാദേശിക നേതാക്കളുടെ പിടിവാശി നിലപാട് കാരണം ആണ്.
‘പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു എങ്കിലും മുഴുവന്‍ സാധ്യമായില്ല. ഇവിടെ പലയിടത്തും പാരമ്പര്യമായി അങ്ങനെ ചെയ്യുന്നവരാണ്. പക്ഷേ ഈ മേഖലകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ സഖ്യം ഉണ്ട് ‘- യുഡിഎഫ് ഐക്യം, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ, യുവ സ്ഥാനാര്‍ഥികളുടെ സാന്നിധ്യം ഈ മൂന്ന് ഘടകങ്ങള്‍ ഇത്തവണ ലീഗിനും യുഡിഎഫിനും നേട്ടം ഉണ്ടാക്കുമെന്നാണ് കണക്ക് കൂട്ടല്‍- സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.