ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. 71 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ പോളിങ്ബൂത്തിലെത്തുന്നത്. അതേസമയം പോരാട്ടം കടുത്തതോടെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുന്ന കാഴ്ച്ചയാണ് പ്രചാരണ വേദികളില്‍ കണ്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഫലം കണ്ടില്ല.
കോവിഡ് ഭീഷണിക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. പ്രചാരണംരംഗം പ്രതിസന്ധികള്ക്കൊത്ത് മാറി. മാസ്ക്കുകളില്‍ പാര്‍ട്ടി ചിഹ്നവും മുദ്രാവാക്യവും. ബിഹാറിന്റെ തനത് മധുബനി ചിത്രകലയ്ക്കൊപ്പം ബിഹാര്‍ ഫസ്റ്റ് ബിഹാറി ഫസ്റ്റ് എന്ന പാര്‍ട്ടി മുദ്രാവാക്യം എഴുതിച്ചേര്‍ത്ത എല്‍ജെപി മാസ്കുകള്‍ വേറിട്ട് നില്ക്കുന്നു. പക്ഷെ പോരാട്ടം കടുത്തപ്പോള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ വാക്കിലൊതുങ്ങി. സാമൂഹിക അകലമില്ല. മാസ്ക്കില്ല.
ലോകത്തെ വിറപ്പിച്ച മഹാമാരിയെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവരുണ്ട്. 1066 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മല്‍സരരംഗത്തുള്ളത്. 114 പേര് സ്ത്രീകള്‍. ആര്‍ജെഡി 42, ജെഡിയു 41, ബിജെപി 29, കോണ്‍ഗ്രസ് 21, എല്‍ജെപി 41 സീറ്റുകളിലും മല്‍സരിക്കുന്നു.


