കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. മുന്‍ അധ്യക്ഷനെന്ന പരിഗണന പോലും നല്‍കിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ഹൈക്കമാന്‍ഡ് പ്രതിനിധിയോടാണ് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതികള്‍ പറഞ്ഞത്. കൂടിയാലോചനകളില്ല, ഏകാധിപത്യ ശൈലിയില്‍ പ്രതികരിക്കുന്നു. നേതൃത്വം മാന്യത കാട്ടിയില്ല. കൂട്ടായ ചര്‍ച്ചകളുമില്ല, ഉള്ളവ തന്നെ പ്രഹസനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ സുധാകരന് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളെ മുല്ലപ്പള്ളി തള്ളിയിരുന്നു. സുധാകരനെതിരെ രൂക്ഷവിമര്‍ശനമാണ് താരീഖ് അന്‍വറിനെ കണ്ടശേഷം മുല്ലപ്പള്ളി ഉന്നയിച്ചത്.
ഗ്രൂപ്പില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും അത് പ്രാവര്‍ത്തികമാക്കണെമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്ന കെ. സുധാകരന്റെ ആരോപണം മുല്ലപ്പള്ളി തള്ളി. ആരോപണം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മുതിര്‍ന്ന നേതാക്കള്‍ ആര് വിളിച്ചാലും ഫോണ്‍ എടുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.


