തിരുവനന്തപുരം: ബാര്‍കോഴ നല്‍കാനായി ബാര്‍ ഉടമകളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തും. വിവാദത്തിലെ ഗൂഢാലോചനാ പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമിക അന്വേഷണത്തിനായാണ് എത്തുന്നത്. മദ്യനയത്തിലെ ഇളവുകള്‍ക്ക് വേണ്ടി പണപ്പിരിവ് നടത്തണമെന്ന് ആവശ്യപ്പെട്ട ബാറുടമകളുടെ സംഘടനയുടെ ഇടുക്കിയിലെ ഭാരവാഹി അനിമോനെയടക്കം പ്രാഥമീകമായി ചോദ്യം ചെയ്യും. അനിമോന്റേതുള്പ്പെടെ ബാറുടമ സംഘടനയിലെ അംഗങ്ങളായ ബാറുടമകളില്‍നിന്നും മൊഴി സംഘം രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണത്തില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. പണപ്പിരിവ് നടന്നോയെന്നും പണം ആര്‍ക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും. ശബ്ദസന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കും.
ബാറുടമകളുടെ സംഘടനയിലെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ പക്കല്‍ നിന്നുള്ള വിശദാശംങ്ങളും അന്വേഷണ സംഘം ശേഖരിക്കും. വിവാദ സന്ദേശം പുറത്തുവന്ന സമയത്ത് ചേര്‍ന്ന സംഘടനയുടെ യോഗത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി യോഗത്തിന്റെ മിനുട്ട്സും സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.
സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന അസ്സോസിയേഷന് ഇടുക്കി ജില്ലാ ഭാരവാഹി അനിമോന്റെ ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനും എക്സൈസ് മന്ത്രി എം ബി രാജേഷിനും പങ്കുണ്ടെന്നും അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
വിവാദത്തില്‍ സര്‍ക്കാറിന് പങ്കില്ലെന്നും മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നും സര്‍ക്കാറും എക്സൈസ് മന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മെയ് 21ന് ടൂറിസം വകുപ്പ് വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ബാര്‍ ഉടമകളും പങ്കെടുത്തതിന്റെ ലിങ്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുറത്തുവിട്ടു.