ടോള്‍ പ്ലാസകളില്‍ കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിന്, ദേശീയ പാതകളിലെ തിരക്കേറിയ സമയങ്ങളില്‍ പോലും ഒരു വാഹനത്തിന് 10 സെക്കന്റില്‍ കൂടാത്ത സേവന സമയം ഉറപ്പാക്കാന്‍ കേന്ദ്രം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ടോള്‍ പ്ലാസകളില്‍ 100 മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യത്തില്‍ വാഹനങ്ങളുടെ നിര ഉണ്ടാകരുത്. ടോള്‍ ബൂത്തില്‍ നിന്നും 100 മീറ്ററില്‍ കൂടുതല്‍ നീളത്തില്‍ വാഹനങ്ങളുണ്ടെങ്കില്‍ ടോള്‍ അടക്കാതെ വാഹനങ്ങളെ കടത്തി വിടണമെന്ന നിയമം നിലവിലുണ്ട്. വാഹനങ്ങള്‍ക്ക് ഇത് തിരിച്ചറിയാനായി ടോള്‍ ബുത്തില്‍ നിന്നും 100 മീറ്റര്‍ ദൂരത്തില്‍ മഞ്ഞ നിറത്തില്‍ വര രേഖപ്പെടുത്തണമെന്നും നാഷണല്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ടോള്‍ പ്ലാസകളിലെ വാഹനകുരുക്ക് കുറക്കുന്നതിനും സുഗമവും വേഗമേറിയതുമായ യാത്ര ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് അതോറിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.


