സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിഫോമില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മതപരമായ വസ്ത്രങ്ങള്‍ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനി റിസ നഹാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം വിദ്യാര്‍ത്ഥി സര്‍ക്കാറിന് അപേക്ഷ നല്‍കുകയായിരുന്നു. ഇതിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഉത്തരവ്.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസിന് സമാനമായ രീതിയിലാണ് എസ്പിസിക്ക് പരിശീലനം നല്‍കുന്നത്. പൊലീസില്‍ മതപരമായ അടയാളങ്ങള്‍ ഉപയോഗിക്കുന്നതിന് അനുവാദമില്ല. അതാണ് എസ്പിസിയിലും വേണ്ടത്. എന്‍സിസിയിലോ സ്കൗട്ടിലോ ഹിജാബോ ഫുള്‍സ്ലീവോ ധരിക്കുന്ന സാഹചര്യമില്ല- ഉത്തരവില്‍ പറയുന്നു.
യൂണിഫോമില്‍ തലമറക്കാനും ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥിനി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. തന്റെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകള്‍ പൂര്‍ണമായി മറയ്ക്കുന്നതരത്തില്‍ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആവശ്യം. കുറ്റ്യാടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിസ നഹാനാണ് കോടതിയെ സമീപിച്ചത്.
എന്നാല്‍ കേരള പൊലീസിന്റെ മാതൃകയിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോമെന്നും ഇതില്‍ മതപരമായ മുദ്രകള്‍ അനുവദിക്കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ അന്ന് തന്നെ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. പൊലീസ് സേനയ്ക്ക് പൊതുവായ യൂണിഫോം ആണ് നിലവില്‍ ഉള്ളതെന്നും സര്‍ക്കാര്‍ വിശദികരിച്ചു. ഹര്‍ജിക്കാരിക്ക് ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി സര്‍ക്കാരിനെ സമീപിക്കുന്നത്. ഈ ആവശ്യത്തിലാണ് നിലവിലെ സര്‍ക്കാര്‍ മറുപടി.
സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മതപരമായ വസ്ത്രധാരണം നിരാകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പടുവിച്ചിട്ടുള്ളത്. ഉത്തരവ് ഉടന്‍ ഹൈക്കോടതിക്ക് കൈമാറും.