ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഇന്ത്യയുടെ അനിവാര്യതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതില്‍ നിന്നും മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്നും ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതിയെന്നും ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗുജറാത്തിലെ കേവഡിയയില്‍ നടക്കുന്ന സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ ഭരണഘടനാ ദിനാഘോഷത്തിലാണ് തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുകയെന്ന ആശയം മോദി വീണ്ടും ചര്‍ച്ചയാക്കിയത്.
മാസം തോറും തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യമാണുള്ളത്. വികസനത്തിന് ഇത് വിഘാതം നില്ക്കുന്നു. അതിനാല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുകയെന്നത് ഗൗരവമായി പരിഗണിക്കണം. തദ്ദേശഭരണ തിരഞ്ഞെടുപ്പു മുതല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുവരെ ഒറ്റ വോട്ടര്‍പ്പട്ടിക വേണം. എല്ലാ നിയമസഭകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃത ഡേറ്റബേസ് വേണം. നിയമങ്ങളും ഭരണനിര്‍വഹണവും സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയിലാകണം. കലോചിതമല്ലാത്ത നിയമങ്ങള്‍ നീക്കണമെന്നും മോദി നിര്‍ദേശിച്ചു.
നേരത്തെ ബിജെപി മുന്നോട്ട് വെച്ച രാഷ്ട്രീയ അജണ്ടകളിലൊന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരുമിച്ച് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ലക്ഷ്യം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം ചര്‍ച്ചയായിരുന്നു.