കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ 2016 മുതലുള്ള ശമ്പള കുടിശ്ശിക (അലവന്‍സ് ഉള്‍പ്പടെ) ഉടന്‍ നടപ്പിലാക്കണമെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെജിഎംസിടിഎ) സംസ്ഥാനസമിതി ആവശ്യപ്പെട്ടു. നിലവില്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
നിലവില്‍ പ്രഖ്യാപിച്ച ശമ്പളപരിഷ്കരണത്തില്‍ കേന്ദ്രവിഹിതം ലഭിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പളകുടിശ്ശിക നല്‍കാമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കു യുജിസി ഗ്രാന്‍ഡ് ലഭ്യമല്ല. എന്നാല്‍ ജിഎസ്ടി ഉള്‍പ്പെടെയുള്ള കേന്ദ്രവിഹിതം സംസ്ഥാനസര്‍ക്കാരിന് ലഭിച്ച സാഹചര്യത്തില്‍ ഉടനടി ശമ്പളകുടിശ്ശിക നല്‍കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെടുന്നു.
ആര്‍ട്സ് കോളജ് അധ്യാപകര്‍, എന്‍ജിനീയറിങ് കോളേജ് അധ്യാപകര്‍ തുടങ്ങി മറ്റ് എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളകുടിശ്ശികയോടൊപ്പമുള്ള ശമ്പളപരിഷ്കരണം നല്‍കിയിട്ടും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അത് പ്രഖ്യാപിക്കാത്തത് തികഞ്ഞ വിവേചനമാണ്. മറ്റ് ആശുപത്രികളില്‍നിന്ന് റഫര്‍ ചെയ്തു വരുന്ന അതീവ ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളെയും കോവിഡ് രോഗികളെയും ചികിത്സിക്കുന്നതോടൊപ്പം തന്നെ വൈദ്യവിദ്യാഭ്യാസം എന്ന മഹത്തായ അധ്യാപന കര്‍മ്മവും കൂടി നിര്‍വഹിക്കുന്നവരാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോട് വിവേചനം അരുത്, അവര്‍ക്കും മറ്റ് ജീവനക്കാരെ പോലെ ശമ്പളപരിഷ്കരണവും ശമ്പളകുടിശ്ശികയും കിട്ടാന്‍ അവകാശമുണ്ട് . അതുകൊണ്ട് 1.1.2016 മുതല്‍ ലഭിക്കുവാന്‍ ഉള്ള അലവന്സോടെയുള്ള ശമ്പളകുടിശ്ശികയും ഉടനടി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം. മുന്‍പ് ഉണ്ടായ മീറ്റിംഗുകളില്‍ അതു അധികൃതര്‍ ഉറപ്പ് നല്‍കിയതുമാണ്.
കോവിഡ് മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുവാന്‍ വേണ്ടി സ്വന്തം ജീവന് പോലും തൃണവല്‍ഗണിച്ച് കൊണ്ട് ചികിത്സയും പ്രതിരോധവും ആയി പടപൊരുതി കൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണത്തിന്റെ അപാകത പരിഹരിക്കുന്നതിന്റെയും ശമ്പള കുടിശ്ശികയുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ഇല്ലെങ്കില്‍ അത് വളരെ വലിയ അനീതിയാണ്.
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ഏറെ വൈകിയ ശമ്പളപരിഷ്കരണത്തിന്റെ ശമ്പളക്കുടിശ്ശിക (അലവന്സോടൊപ്പം) ഉടന്‍ നടപ്പിലാക്കുന്നതോടൊപ്പം ഉടനടി ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായി ആവശ്യപ്പെടുന്നു.


