കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ വി.എം. സുധീരന് വേണ്ടത് അനിവാര്യമെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുധീരന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്. പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധിയായി വി.എം സുധീരന്റെ രാജി. ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ് വി. ഡി സതീശന്, സുധീരനെ നേരില്‍ക്കണ്ട് തര്‍ക്ക പരിഹാര ശ്രമം നടത്തും. ഇന്നും നാളെയും തിരുവനന്തപുരത്തുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും സുധീരനുമായി ആശയവിനിമയം നടത്തിയേക്കും.
സംഘടനയെ ശാക്തീകരിക്കാനുള്ള നീക്കവുമായി നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ സുധീരന് രാജിവച്ചത് ശരിയല്ലെന്ന നിലപാടും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. രാജിയില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന സുധീരന്റെ നടപടിയില്‍ കടുത്ത അമര്‍ഷത്തിലാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. സുധീരന്റെ രാജിയെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനും രംഗത്തെത്തിയിരുന്നു.


