കോവിഡ് വ്യാപനം രൂക്ഷമായതില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. മഹാമാരിയെ കേരളം പ്രചാര വേലകള്‍ക്കായി ഉപയോഗിച്ചെന്നും ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും വി. മുരളീധരന് കുറ്റപ്പെടുത്തി.
ഹോം ക്വാറന്റീന് സമ്പൂര്‍ണ പരാജയമെന്ന് വിമര്‍ശനം. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 30000 ലധികം കേസുകള്‍ കേരളത്തില്‍ നിന്നുള്ളതാണ്. കേരളത്തിലെ ടിപിആര്‍ 19 ശതമാനത്തിന് മുകളിലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചതു കൊണ്ടാണ് ഡല്‍ഹിയും മഹാരാഷ്ട്രയിലുമൊക്കെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് വിജയത്തിന്റെ ക്രഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കാണുന്നില്ലെന്നും മുരളീധരന് പരിഹസിച്ചു. കോവിഡ് വ്യാപനം തുടങ്ങിയതു മുതല്‍ ഒരു വര്‍ഷത്തോളം എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തി ‘കരുതലിന്റെ പാഠം’ പഠിപ്പിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോള്‍ കാണാനില്ലെന്ന് മുരളീധരന് പരിഹസിച്ചു.
സംസ്ഥാനത്തെ ആശുപത്രികളില്‍ കിടക്കകള്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പിള ലഹളയല്ല, കൊവിഡ് ആണ് പ്രധാനമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്നലെ മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 607 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 32,55,8530 ആയി. ആകെ മരണസംഖ്യ 4,36,365 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ പ്രതിദിന കേസുകളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.

