സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ചീഫ് സെക്രട്ടറിയുടെ അന്വേഷണ ഉത്തരവില്‍ അഞ്ച് പരിഗണനാ വിഷയങ്ങളാണ്. തീപിടിക്കാനുള്ള കാരണം, നഷ്ടത്തിന്റെ കണക്ക്, സ്വീകരിക്കേണ്ട മുന്‍കരുതല്‍, നഷ്ടപ്പെട്ട ഫയലുകള്‍ ഏതെന്ന് കണ്ടെത്തേണ്ട ചുമതലയും അന്വേഷണ സംഘത്തിനാണ്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിഷണര്‍ എ. കൗശിഗന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും അന്വേഷണം തുടങ്ങി.
അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ പ്രതിരോധവുമായി മന്ത്രിമാരും രംഗത്തെത്തി. സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഷോട്ട് സര്‍ക്യൂട്ടെന്ന് കണ്ടെത്തിയതായി മന്ത്രി ഇ.പി.ജയരാജന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മുന്‍പ് പല തവണയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്‍ഐഎയ്ക്ക് വേണ്ട ഫയലുകളെല്ലാം കൈമാറിയിട്ടുണ്ടെന്നും കത്തിപോയ എല്ലാ ഫയലുകളുടെയും പകര്‍പ്പ് കമ്പ്യൂട്ടറില്‍ ലഭ്യമാണെന്നും ജയരാജന് പറഞ്ഞു. തീപിടുത്തം ഉണ്ടായ ഉടനെ ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തിയത് ദുരൂഹമാണെന്നും ജയരാജന് ആരോപിച്ചു.
ഇതിനുപിന്നാലെയാണ് പ്രതികരണവുമായി മറ്റ് മന്ത്രി മന്ത്രിമാരും രംഗത്തെത്തിയത്. തീപിടിച്ചാല്‍ കത്തിപ്പോകുന്നതല്ല ഇഫയലുകള് എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. അവിശ്വാസത്തില്‍ പരാജയപ്പെട്ടപോലെ പ്രതിപക്ഷം ഈ ആരോപണത്തിലും പരാജയപ്പെടുമെന്ന് കടകംപള്ളി ഫെയ്സ്ബുക്കില്‍ കുറിച്ചു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് തീപിടിത്തതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിന്റെയടക്കം ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയറോടാണ് റിപ്പോര്‍ട്ട് തേടിയത്.


