അമേരിക്കയില്‍ വീണ്ടും പൊലീസിന്റെ വംശവെറി. കറുത്തവര്‍ഗക്കാരനു നേരെ മക്കളുടെ മുന്നില്‍വെച്ച് എട്ടു തവണ പൊലീസ് വെടിയുതിര്‍ത്തു. ജേക്കബ് ബ്ലേയ്ക്ക് (29)എന്ന യുവാവാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. വിസ്കോണ്‍സിനിലെ കെനോഷയിലാണ് സംഭവം.
ഓഗസ്റ്റ് 23നാണ് സംഭവം നടന്നത്. വെടിവയ്പില്‍ ബ്ലേയ്ക്കിന് ഗുരുതര പരുക്കേറ്റു. അരയ്ക്കുകീഴെ തളര്‍ന്ന ബ്ലേയ്ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മെയ് 25ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പേയാണ് ബ്ലേയ്ക്കിനെതിരായ ആക്രമണം.
പൊലീസ് അതിക്രമത്തിന് പിന്നാലെ കെനോഷയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രതിഷേധം തുടരുകയാണ്. വിസ്കൊണ്‍സിനിലെ കെനോഷ പ്രദേശത്ത് രണ്ട് സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബ്ലേയ്ക്ക് ഇടപ്പെട്ടിരുന്നു. ഇതിനിടെ ആരോ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി. ഇവരാകട്ടെ ബ്ലേയ്ക്കിനോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ബ്ലേയ്ക്ക് തന്റെ കാറിലേക്ക് കയറാന്‍ തുടങ്ങി. ഇതോടെ പൊലീസ് പുറകില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു ചുറ്റുമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നടക്കുന്നതും ബ്ലേയ്ക്കിനുനേരെ ആയുധം ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ബ്ലേയ്ക്കിന്റെ മൂന്ന് മക്കളും കാറില്‍ ഇരിക്കുമ്പോഴായിരുന്നു പൊലീസിന്റെ വെടിവെപ്പെന്ന് ബ്ലെയ്ക്കിന്റെ അഭിഭാഷകന് വ്യക്തമാക്കി. അതേ സമയം കെനോഷയിലെ തെരുവുകള്‍ കലാപസമാനമാണെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വിസ്്കോന്സിനില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിസ്കോന്‍സിന്‍ ഗവര്‍ണര്‍ ടോണി എവേഴ്സ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കെനോഷയില്‍ സുരക്ഷ സേനയെ ഉള്‍പ്പെടെ വിന്യസിച്ചെങ്കിലും അതെല്ലാം അവഗണിച്ച് ജനം തെരുവിലിറങ്ങി. നീതിയും സമാധാനവുമില്ല, ബ്ലാക്ക്സ് ലൈവ്സ് മാറ്റര്‍ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ജനം തെരുവിലിറങ്ങിയത്.
അമേരിക്കന്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശവെറിയുടെ അടുത്ത ഇരയാണ് ബ്ലേക്ക് എന്ന മുദ്രാവാക്യങ്ങളോടെ ഒരു ലക്ഷത്തോളം പ്രതിഷേധക്കാരാണ് രണ്ടദിവസമായി തെരുവിലെത്തിയത്. ഇതോടെ അമേരിക്കന്‍ തെരുവുകള്‍ വീണ്ടും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളാല്‍ നിറഞ്ഞു. മെയ് 25ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി പൊലീസ് കൊലപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.


