കെ റെയിലിനെ തള്ളി കേന്ദ്രസര്‍ക്കാര്‍. കെ റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേയ്ക്ക് കെ റെയില്‍ കോര്പ്പറേഷന് പണം ചെലവഴിച്ചാല്‍ ഉത്തരവാദിത്തം കെ റെയിലിനുമാത്രമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയില്‍വേക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
കെ റെയിലിന് വേണ്ടി സാമൂഹികാഘാത പഠനം നടത്തുന്നതിനായി സര്‍വ്വേ നടത്തുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീടും സര്‍ക്കാര്‍ തുരുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്കാന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കെ റെയില്‍ കോര്‍പ്പറേഷനില്‍ റെയില്‍വേയ്ക്ക് ഓഹരി പങ്കാളിത്തം ഉണ്ടെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാറില്ല. ഈ സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ അതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയിലെ സാമൂഹികയാഘാത പഠനം പാതിവഴിയില്‍ നിത്തി കെ റെയില്‍. സാമൂഹികയാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്കിയ കാലാവധി ഒമ്പത് ജില്ലകളില്‍ അവസാനിച്ചു. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കിയിറക്കിയിട്ടുമില്ല. വിജ്ഞാപനം പുതുക്കിയിറക്കുമെന്നാണ് കെ റെയിലിന്റെ നിലപാട്. കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയില്ല.