തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. പകരം രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ ശക്തമായ, കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നാല്‍ മതിയെന്നും സര്‍വകക്ഷി യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. സംസ്ഥാനത്തെ വാരാന്ത്യ നിയന്ത്രണം തുടരും. ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ള രീതിയില്‍ത്തന്നെ ഇനിയും നടപ്പിലാക്കും. രാത്രി 7.30-ന് തന്നെ കടകള്‍ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടും ഭൂരിഭാഗം പേരും യോജിച്ചു.
രോഗ വ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണ കൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ജില്ലാ ഭരണ കൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വോട്ടെണ്ണല്‍ ദിവസം ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തോട് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ചു. വിവിധ പാര്‍ട്ടികള്‍ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യണം. ആദിവാസി മേഖലയില്‍ കോവിഡ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായിട്ടുണ്ട്.
ഓരോ ജില്ലകളിലും ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കാം. എല്ലാ ജില്ലാ കളക്ടര്‍മാരും സാമുദായിക നേതാക്കന്മാരുടെ യോഗം വിളിക്കണം. സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍മാര്‍ മതനേതാക്കളെ അറിയിക്കും. അതിന് ശേഷം യുക്തമായ തീരുമാനം സ്വീകരിക്കാവുന്നതാണെന്നും സര്‍വകക്ഷി യോഗത്തില്‍ ധാരണയായി.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് യോഗശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.


