ആഗ്ര: ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് സ്വന്തം പിതാവിന്റെ മൃത ശരീരം യുവാവ് ശ്മശാനത്തിലെത്തിച്ചത് കാറിന് മുകളില്‍ കെട്ടിവച്ച്. ആഗ്രയിലെ മോക്ഷധാമിലാണ് ഹൃദയഭേദകമായ സംഭവം. കോവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചതോടെയാണ് നഗരത്തില്‍ ആംബുലന്‍സ് ലഭ്യമല്ലാതായത്.
നഗരത്തില്‍ മാത്രം ശരാശരി 600 കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമ്പത് ദിവസത്തിനിടെ 35 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ആംബുലന്‍സ് കിട്ടാനായി ആറു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗ്രയിലെ സ്വകാര്യ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. മെയിന്‍പുരി, ഫിറോസാബാദ്, മഥുര എന്നിവിടങ്ങളിലെ ഗുരുതര രോഗികളെ നഗരത്തിലേക്കാണ് അയക്കുന്നത്.
മെയിന്‍പുരിയില്‍ ഒരു ദിവസം 369 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈഥ-237, മഥുര-190, ഫിറോസാബാദ്-80, കസ്ഗഞ്ച്-42 എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍.


