രണ്ടു ദിവസത്തെ പൊതുപണിമുടക്കിന്റെ ഭാഗമായി അവധി ദിനമായ നാളെ റേഷന്‍ കടകള്‍ തുറക്കാനുള്ള മന്ത്രിയുടെ നിര്‍ദേശം തള്ളി റേഷന്‍ വ്യാപാരികള്‍. ഞായറാഴ്ച തുറക്കില്ലെന്നും പൊതു പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ തുറക്കുമെന്ന് രണ്ടു പ്രധാനപ്പെട്ട സംഘടനകള്‍ അറിയിച്ചു. നിയമ പ്രശ്നം ഭയന്ന് മന്ത്രിയുടെ നിര്‍ദേശം ഉത്തരവായി ഇറക്കാന്‍ പൊതുവിതരണ വകുപ്പും തയാറായിട്ടില്ല.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് നാളെ റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ നിര്‍ദേശിച്ചത്. എന്നാല്‍, കീഴ്വഴക്കങ്ങള് ലംഘിച്ചുള്ള നിര്‍ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് റേഷന്‍ വ്യാപാരികള്‍.
പൊതുപണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ തുറക്കുമെന്നും അവധിദിനമായ നാളെ തുറക്കില്ലെന്നും വ്യാപാരികള്‍ പ്രഖ്യാപിച്ചു. മാസ അവസാനമായത് കൊണ്ട് കൂടുതല്‍ ഉപഭോക്താക്കള്‍ റേഷന്‍ വാങ്ങാന്‍ കടകളില്‍ വരുന്ന പശ്ചാത്തലത്തില്‍ രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സ്വതന്ത്ര സംഘടനകളായ ഓള് കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനും കേരളാ സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനും തീരുമാനിച്ചു. പണിമുടക്ക് ദിവസം കടകള്‍ തുറക്കുന്നതിനുള്ള സഹായം വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
മന്ത്രിയുടെ നിര്‍ദേശത്തിന് പിന്‍ബലമേകി പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരം അത്യാവശ്യ സന്ദര്‍ഭങ്ങളിലും ഉത്സവങ്ങളോ വിശേഷാല്ദിവസങ്ങളോ അടുത്ത ദിവസങ്ങളില്‍ വരുന്ന സാഹചര്യത്തിലുമാണ് ഞായറാഴ്ച പോലുള്ള പൊതു അവധി ദിനങ്ങളില്‍ കടകള്‍ തുറക്കാന്‍ ആവശ്യപ്പെടുന്നത്.
പണിമുടക്ക് വരുന്നതിന്റെ പേരില്‍ ഞായാറാഴ്ച കടകള്‍ തുറക്കണമെന്ന് ഈ വ്യവസ്ഥ പ്രകാരം ആവശ്യപ്പെടാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് ഇറങ്ങാത്തതെന്നാണ് വിശദീകരണം.


