സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍ വേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതില്‍ ആവശ്യത്തിനുള്ള സാങ്കേതിക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആയിരം കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതിക്ക് മന്ത്രിസഭാ സമിതിയുടെ അംഗീകാരം വേണമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
സില്‍വര്‍ ലൈനിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി സാങ്കേതിക, സാമ്പത്തിക പ്രായോഗിക വശങ്ങള് പരിഗണിക്കും. അടൂര്‍ പ്രകാശ് എംപിക്ക് നല്കിയ മറുപടിയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കേരളം തിടുക്കം കാട്ടരുതെന്ന് അശ്വിനി വൈഷ്ണവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പദ്ധതി വളരെ സങ്കീര്‍ണമാണെന്നും പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
റെയില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളില്‍ പോകും. സില്‍വര്‍ ലൈന്‍ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.


