ആത്മാര്‍ത്ഥമായി രാഷ്ട്രസേവനം നടത്തണമെങ്കില്‍ ബിജെപിയില്‍ തന്നെ ചേരണമെന്ന് ഇ ശ്രീധരന്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങരംകുളത്ത് വിജയയാത്രയുടെ മലപ്പുറം ജില്ലാ സമാപന സമ്മേളനത്തിലാണ് ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നത്.
‘ഇന്ന് എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്. കഴിഞ്ഞ 67 വര്‍ഷമായി സര്‍ക്കാറില്‍ പല തസ്തികകളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. 18 മാസം കൊണ്ട് പുതുക്കിപ്പണിയേണ്ട പാലാരിവട്ടം പാലം അഞ്ചരമാസം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ്. ആ പണി അടുത്തയാഴ്ചയില്‍ കഴിഞ്ഞ് പാലം തുറന്നു കൊടുക്കും. 67 വര്‍ഷത്തെ ദേശസേവനത്തിന് ശേഷം കേരളത്തില്‍ എന്തെങ്കിലും സേവനം ചെയ്യാമോ എന്ന ആശയം എനിക്കുണ്ടായി. അതിന് അനുസരിച്ചാണ് ബിജെപിയില്‍ ചേരാന്‍ തീര്‍ച്ചപ്പെടുത്തിയത്. കാരണം ആത്മാര്‍ത്ഥമായി ദേശത്തെ സേവിക്കണമെങ്കില്‍ ബിജെപിയുടെ കൂടെ നില്ക്കുക തന്നെ വേണം’ – ഇ. ശ്രീധരന് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇ. ശ്രീധരനെ ഹാരമണിയിച്ച് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീധരന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.


