പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് അന്വേഷണ സംഘം. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പൊലീസ് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഗഗന് ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗഗന് ദീപ് സിംഗിന്റെ ശരീരം സ്ഫോടനത്തില്‍ തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു.
സ്ഥലത്ത് നിന്ന് ലഭിച്ച തകര്‍ന്ന ഫോണും സിം കാര്‍ഡുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഗഗന് ദീപിനെ 2019 ല്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇയാള്‍ മയക്ക് മരുന്ന് കേസില്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ഗഗന് ദീപ് സിംഗുമായി ബന്ധപ്പെട്ട എട്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് എന്തെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാളാണ് കോടതി സമുച്ചയത്തില്‍ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ആളെ തിരിച്ചറിയുകയായിരുന്നു.
ലുധിയാന സ്ഫോടനത്തിന് പിന്നാലെ എന്‍ഐഎ, എന്‍എസ്ജി സംഘങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മാരക സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കും.
കോടതിയില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ശുചിമുറി പൂര്‍ണ്ണമായി തകര്‍ന്നു.


