ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ കര്‍മങ്ങള്‍ ആഘോഷ പൂര്‍വം നടന്നു. ക്രൈസ്തവ വിശ്വാസികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്.
മുഴുവന്‍ ദേവാലയങ്ങളിലും വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പാതിരാ കുര്‍ബാന കൈകൊള്ളുന്നതിനായി സംസ്ഥാനത്തെ ഒട്ടുമിക്ക ദേവാലയങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുപ്പിറവി ദിവ്യബലി നടത്തി. തിരുവനന്തപുരം സെന്റ്. മേരീസ് കത്തീഡ്രലില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്ക ബാവ നേത്യത്വം നല്കി.
കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയില്‍ നടന്ന ക്രിസ്തുമസ് പാതിരാ കുര്‍ബാനയ്ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കരിങ്ങാച്ചിറ ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ജനനപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മോര് ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.


