മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനില്‍ ഇക്കുറി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി മഹിളാസംഘം നേതാവ് സീന വര്‍ഗീസ് (സീന ബോസ്) ആണ് ജനവിധി തേടുന്നത്. ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷന് രൂപീകരണത്തിന് ശേഷം ഒരു പ്രാവശ്യം ഇടത് മുന്നണിയ്ക്ക് നഷ്ടപ്പെട്ടുവെങ്കിലും കൂടുതല്‍ പ്രാവശ്യം പിന്തുണച്ചതും ഇടതുമുന്നണിയെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ നേതാവ് എന്‍.അരുണ്‍ കോണ്‍ഗ്രസ് നേതാവ് കെ.എം.സലീമിനെ 5020-വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഇത് ഡിവിഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്.
എന്‍.അരുണ്‍ ഡിവിഷനില്‍ നടപ്പിലാക്കിയ വികസന തുടര്‍ച്ചയ്ക്ക് വോട്ട് തേടിയാണ് മഹിളസംഘം നേതാവ് കൂടിയായ സീന വര്‍ഗീസ് ഇക്കുറി വോട്ട് തേടുന്നത്. ജില്ലയിലെതന്നെ ഏറ്റവും വലിയ പഞ്ചായത്തായ പായിപ്ര ഗ്രാമപഞ്ചായത്തിലെ 22-വാര്‍ഡുകളും വാളകം ഗ്രാമപഞ്ചായത്തിലെ 14-വാര്‍ഡുകളും മാറാടി ഗ്രാമപഞ്ചായത്തിലെ 13-വാര്‍ഡുകളും അടക്കം മൂന്ന് പഞ്ചായത്തുകളിലായി 49-വാര്‍ഡുകള്‍ അടങ്ങിയതാണ് ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷന്.
സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, മഹിള സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം, എന്ആര്ഇജിഡബ്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹികൂടിയായ സീന വര്‍ഗീസിന്റെ നേതൃത്വപരമായ പ്രവര്‍ത്തനങ്ങളും ജനകീയ പ്രശ്നങ്ങളിലെ ഇടപെടലുകളും മാറാടി, വാളകം, പായിപ്ര പഞ്ചായത്തുകളില്‍ എന്‍.അരുണ്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും സീന വര്‍ഗീസിന് തുണയാകും.
വൈക്കം സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്നും ഡി.ഫാം ബിരുധദാരികൂടിയായ സീന പിന്നീട് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാവുകയായിരുന്നു. പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂര്‍ സോദേശിയാണ്. തടിപണി തൊഴിലാളിയായ മീനംകുടിയില് എം.എം. വര്‍ഗീസാണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ എല്‍ദോ, എബിന് എന്നിവര്‍ മക്കളാണ്.


