മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം നല്കിയതാണെന്നു കേരള സര്‍വകലാശാല. മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന് പിള്ളയുടെ പരിശോധനക്ക് കൈമാറിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ബിരുദം ചട്ടപ്രകാരമാണ് നല്‍കിയതെന്ന വിശദീകരണം വിസി നല്‍കിയത്.
സേവ് യൂണിവേഴ്സിറ്റി ഫോറമാണ് മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ ബിരുദത്തിനെതിരെ ഗവര്‍ണറെ സമീപിച്ചത്. മന്ത്രിയുടെ ഗവേഷണ ബിരുദം ചട്ടപ്രകാരം തന്നെയെന്നാണ് കേരളാ സര്‍വകലാശാലയുടെ വിശദീകരണം. കേരളാ സര്‍വകലാശാലയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുളള പ്രബന്ധമാണ് ജലീല്‍ സമര്‍പ്പിച്ചിട്ടുളളത്. മൂന്നുപേരടങ്ങുന്ന ഗവേഷണ വിദഗ്ധരുടെ മൂല്യനിര്‍ണയത്തിനും പ്രബന്ധം വിധേയമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചു തന്നെയാണ് ജലീലിന് ഡോക്ടറേറ്റ് നല്‍കിയതെന്നും കേരളാ സര്‍വകലാശാല വി സി, പരാതിക്കാരായ സേവ് യൂണിവേഴ്സിറ്റി ഫോറത്തിന് നല്കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗവേഷണ ബിരുദത്തിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും വി സി വിശദീകരിക്കുന്നുണ്ട്.
മന്ത്രിയുടെ പ്രബന്ധം മൗലികമല്ല, അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ട് എന്നായിരുന്നു സേവ് യൂണിവേഴ്സിറ്റി സമിതി നല്കിയ പരാതി. പരാതിയില്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ വിസി തയ്യാറായില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസലിയാരുടെയും പങ്കിനെക്കുറിച്ചു തയാറാക്കിയ പ്രബന്ധത്തിനാണ് കെ.ടി. ജലീല്‍ 2006 ല്‍ പിഎച്ച്ഡി നേടിയത്. ഗവേഷണ പ്രബന്ധങ്ങളില്‍ തെറ്റുകളും കുറവുകളും ഉണ്ടാവുക സ്വാഭാവികമാണെന്നായിരുന്നുമന്ത്രിയുടെ ഇക്കാര്യത്തിലെ പ്രതികരണം.


