മൂവാറ്റുപുഴ : അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരസഹായം ഇല്ലാതെ ചലിക്കാന്‍ പോലും സാധിക്കാത്ത മാമലക്കണ്ടം സ്വദേശിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു. പുതുവത്സര സമ്മാനമായി വീട് കൈമാറുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ശ്രീമൂലം യൂണിയന് ക്ലബ്ബ് നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ക്ലബ്ബ് പ്രസിഡന്റ് ജോസ് വര്‍ക്കി കാക്കനാട്ട് നിര്‍വഹിച്ചു.
മാമലക്കണ്ടം സ്വദേശിയായ അനീഷ് .എം.ശശിധരന് രണ്ട് കുട്ടികളെയും ഭാര്യയെയും കൊണ്ട് എം. സി റോഡ് അരികില്‍ പുറമ്പോക്ക് ഭൂമിയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഷെഡിലാണ് കഴിഞ്ഞുപോന്നിരുന്നത്. ഇവരെ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ഇടപെട്ട് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കായി ഭവന നിര്‍മ്മാണത്തിന് കായനാട് ഇമ്മാനുവല്‍ യൂ പി സ്കൂളിന് സമീപം 4 സെന്റ് സ്ഥലം വാങ്ങി നല്‍കിയത് കോണ്‍ട്രാക്ടറായ ആടുകുഴി രാജു ചാക്കോയാണ്. ഇവിടെ 9 ലക്ഷം രൂപയില്‍ അധികം ചെലവിലാണ് 600 സ്ക്വയര്‍ ഫീറ്റ് വീട് നിര്‍മിച്ചു നല്‍കുക.
നിര്‍ധനരും നിരാലംബരുമായ ഒരു കുടുംബത്തിന്റെ കെട്ടുറപ്പുള്ള വീടെന്ന സ്വപ്നമാണ് ശ്രീമൂലം യൂണിയന് ക്ലബ്ബ് സാക്ഷാത്കാരം നല്‍കുന്നത്. ദാനം ചെയ്തതുകൊണ്ട് ആരും ദരിദ്രരായിട്ടില്ല എന്ന ആശയത്തില്‍ ആഴത്തില്‍ ആസ്ഥാനമിട്ടു കൊണ്ടാണ് ക്ലബിന്റെ പുതിയ ഭരണസമിതിയുടെ കാലാവധിയുടെ ആദ്യപ്രവൃത്തിയായി ഈ ഭവനനിര്‍മാണത്തിന് തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികളായ ജോസ് വര്‍ക്കി കാക്കനാട്ട് (പ്രസിഡന്റ്), ഒ പി ബേബി, (വൈസ് പ്രസിഡന്റ്), എ. ജയറാം (സെക്രട്ടറി), ബി.ബി കിഷോര്‍ (ട്രഷറര്‍ ) ,അഡ്വക്കേറ്റ് ഒ. വി അനീഷ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെന്‍ ചെറിയാന് , ഹിപ്സണ്‍ എബ്രഹാം ,അഡ്വ. റാം മോഹന്‍ .എല്‍ ,ഷെറിമോന്‍ ചാലക്കര, ബിജു കെ ചെറിയാന്, സേവ്യര്‍ നെല്ലിപ്പള്ളി എന്നിവര്‍ പങ്കെടുത്തു,


