മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ രാജി നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രാജി വാര്‍ത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണെന്നും, സുധീരനുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും വി.ഡി സതീശന് പറഞ്ഞു.
ഫോണില്‍ സംസാരിച്ചെന്നും സുധീരന് കാരണം പറഞ്ഞില്ലെന്നും സുധാകരന് പറഞ്ഞു. സുധീരന് തന്ന കത്ത് തുറന്നു വായിച്ചില്ല. കത്തില്‍ എന്താണ് എഴുതിയതെന്ന് വായിച്ചശേഷം പറയാം. പുനഃസംഘടനയുള്‍പ്പെടെ കാര്യങ്ങളില്‍ ചര്‍ച്ചയാവാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എല്ലാ മുതിര്‍ന്ന നേതാക്കളോടും ബഹുമാനമാണ്. സുധീരനെയും മുല്ലപ്പള്ളിയെയും വിളിക്കാറുണ്ട്. എന്നാല്‍ പലരും പ്രതികരിക്കാറില്ല. പുനഃസംഘടന സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നു. മുല്ലപ്പള്ളി ഇപ്പോള്‍ ഫോണെടുക്കാത്തതിനാല്‍ സംസാരിക്കാറില്ല. കെപിസിസി പുനഃസംഘടനയെ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. തീരുമാനം ഉടനുണ്ടാകുമെന്നും സുധാകരന് കണ്ണൂരില്‍ പറഞ്ഞു.
അതേസമയം വി.എം സുധീരന്റെ രാജി പുനഃസംഘടനയിലെ അതൃപ്തി കാരണമാണെന്നത് തെറ്റാണെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. വിഎം സുധീരനുമായി കെ സുധാകരനും വിഡി സതീശനും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിഎം സുധീരന്റെ രാജി ആര്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. രാജി ദൗര്‍ഭാഗ്യകരമാണെന്നും രാജിയുടെ കാരണം സുധാരന് തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഎം സുധാരന്റെ രാജി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഹൈക്കമാന്‍ഡ് നീക്കങ്ങള്‍ക്ക് പോറല്‍ ഏല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന് രാജിവച്ചുവെന്ന വാര്‍ത്ത് പുറത്ത് വരുന്നത് ഇന്ന് രാവിലെയാണ്. കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരന് നല്കിയ വിശദീകരണം. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് വി.എം സുധീരന് വ്യക്തമാക്കി.
ഇന്നലെ വൈകീട്ടാണ് വി.എം സുധീരന് രാജിക്കത്ത് കൈമാറിയത്. കെ.പി.സി.സി പ്രസിഡന്റിന് നേരിട്ടാണ് രാജി നല്‍കിയത്. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നു വി എം സുധീരന് അറിയിച്ചു.