സിപിഐ നേതാവ് കനയ്യകുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും. ഭഗത് സിങ് ജന്മവാര്ഷിക ദിനത്തില്‍ അനുയായികളുമായി ഇരുവരും പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കനയ്യയും മേവാനിയും കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുവരും എത്തുന്നതോടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കുമെന്നാണ് സൂചന.
2019 തെരഞ്ഞെടുപ്പില്‍ സിപിഐയില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.
കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകളെ നേരത്തെ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ തള്ളിയിരുന്നു.


