ജിഎസ്ടിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം ലംഘിച്ചെന്ന് സിഎജിയുടെ സുപ്രധാന കണ്ടെത്തല്‍. നഷ്ടപരിഹാര സെസ് വഴി ലഭിച്ച 47,272 കോടി രൂപ വകമാറ്റിയെന്നാണ് വിശദീകരണം. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ജിഎസ്ടി കോമ്പന്‍സേഷന്‍ ഫണ്ടിലേയ്ക്ക് നികുതി എത്തുന്നത് തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ തുക വകമാറ്റി ഉപയോഗിച്ചു. 2017-18 , 2018-19 സാമ്പത്തിക വര്‍ഷമാണ് സര്‍ക്കാര്‍ നിയമം ലംഘിച്ചത്.
കേന്ദ്രത്തിന്റെ വീഴ്ചയല്ല മറിച്ച് കോമ്പന്‍സേഷന്‍ ഫണ്ടില്‍ തുകയില്ലാത്തതാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്കാന് വൈകുന്നത് എന്നായിരുന്നു ലോക്സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന. എന്നാല്‍ കോമ്പന്‍സേഷന്‍ ഫണ്ടിലേയ്ക്ക് പണം എത്താത്തത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ വീഴ്ച കൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിഎജി. പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലാണ് സിഎജിയുടെ സുപ്രധാനമായ നിഗമനം.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ട പരിഹാരം നല്‍കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞിരുന്നു. ഉത്തരവാദിത്വങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തില്ല. നഷ്ടപരിഹാരം നല്‍കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ലോക്സഭയെ അറിയിച്ചിരുന്നു. ഈ വര്‍ഷത്തെ നഷ്ടപരിഹാരം നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുന്നതിന് സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ് ആക്ട് 2017 ആണ് കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചത്. 2017-18 , 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 47,272 കോടി രൂപയെങ്കിലും ഈ വിധത്തില്‍ കേന്ദ്രം കൈക്കലാക്കിയതായും റിപ്പോര്‍ട്ടില്‍ സി.എ.ജി പറയുന്നു.