പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. ഇലച്ചിവഴി ഊരിലെ ജ്യോതി- മുരുകന് ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ശ്വാസം മുട്ടിനെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഈ മാസമിത് രണ്ടാമത്തെ ശിശുമരണമാണ് അട്ടപ്പാടിയിലുണ്ടാകുന്നത്. ആഗസ്റ്റ് എട്ടിന് ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത – ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെയായിരുന്നു മരണം.
അട്ടപ്പാടിയില്‍ തുടര്‍ച്ചയാകുന്ന ശിശു മരണം നേരത്തെ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന് കിലോമീറ്ററുകള്‍ നടന്ന സംഭവത്തെ തുടര്‍ന്നായിരുന്നു മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന് വിഷയം സഭയില്‍ ഉന്നയിച്ചത്.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രി രാധാകൃഷ്ണന് ഇതിന് മറുപടി പറയവെ വ്യക്തമാക്കിയത്. ചില ഊരുകളിലേക്ക് ഗതാഗത സൗകര്യ പ്രശ്നം ഉണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.


