പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച സുപ്രീം കോടതി, തുടര്‍ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാറിന് കൈമാറി. ഫിറോസ്പൂര്‍ എഎസ്പിക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി എത്തുമെന്ന് രണ്ടുമണിക്കൂര്‍ മുന്‍പ് അറിയിച്ചെങ്കിലും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എഎസ്പിക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.
കൂടാതെ, പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള ‘ബ്ലൂ ബുക്ക്’ പരിഷ്കരിക്കണമെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സമിതി ശുപാര്‍ശ ചെയ്തു. പഞ്ചാബിലെ സംഭവം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് പുറമേ, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍, ചണ്ഡീഗഡ് ഡിജിപി, പഞ്ചാബ് എഡിജിപി (സുരക്ഷാ വിഭാഗം), പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവരും സമിതിയില്‍ ഉണ്ടായിരുന്നു.
പഞ്ചാബില്‍ ജനുവരി 5ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കര്‍ഷകര്‍ തടഞ്ഞതിനെ തുടര്‍ന്ന് 20 മിനിറ്റോളമാണ് നടുറോഡില്‍ നിര്‍ത്തിയിടേണ്ടി വന്നത്. തുടര്‍ന്ന് സുരക്ഷാ വീഴ്ചയെ ചൊല്ലി കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം ഉണ്ടായി.
ഇതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച ‘ലോയേഴ്സ് വോയ്സ്’ എന്ന സംഘടനയുടെ ഹര്‍ജിയിലാണ് അന്വേഷണത്തിനായി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര സമിതിയെ നിയോഗിച്ചത്.


