ഡി.സി.സി. പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ ചേരിപ്പോര് തെരുവിലേയ്ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍ പതിച്ചു. മുതിര്‍ന്ന നേതാക്കളെ സതീശന് ഒതുക്കിയെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു.
യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്. അഭിനവ തുഗ്ലക്ക് എന്നാണ് പോസ്റ്ററില്‍ സതീശനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പില്ലെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്നും ആരോപിക്കുന്നു.
ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിഷേധ പോസ്റ്ററുകള്‍ക്കു പിന്നില്‍ ചെന്നിത്തല അനുകൂലികളാണെന്നാണ് സതീശനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയണമെന്നും പോസ്റ്ററില്‍ പറയുന്നു. ഡി.സി.സി പുനസംഘടനയിലെ അതൃപ്തി പ്രകടമാക്കി കഴിഞ്ഞ ദിവസം ആര്.സി ബ്രിഗേഡ് എന്ന വാടാസാപ്പ് കൂട്ടായ്മയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.


