സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയത്. ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തെ അഭിഭാഷക സെല്ലില്‍ നിന്നാണ് നിയമോപദേശം ലഭിക്കുക.
നിയമോപദേശം ലഭിച്ചതിന് ശേഷമാണ് എം ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനമെടുക്കുകയെന്നാണ് വിവരം. അതേസമയം കേസില്‍ നാല് പേരെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ അബ്ദുള്‍ ഹമീദ്, അബൂബക്കര്‍, ഷമീം എം എ, ജിപ്സല്‍ സി വി എന്നിവരെയാണ് എന്‍ഐഎ പുതുതായി പ്രതി ചേര്‍ത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതിനിടെ 2016-18 കാലയളവില്‍ 11 തവണ ഡിപ്ലോമാറ്റിക് കാര്‍ഗോയ്ക്ക് അനുമതി നല്‍കിയതായി സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ എന്‍ഐഎയോട് വ്യക്തമാക്കി. പുതുതായി നാല് പേരെ കൂട്ടിച്ചേര്‍ത്തതോടെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ പ്രതികള്‍ 24 ആയി.