കെയ്റോ: ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദ നൈല്‍’ പുരസ്കാരം പ്രധാനമന്ത്രിയ്ക്ക. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് പുരസ്ക്കാരം സമ്മാനിച്ചത്. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിക്ക് പുരസ്കാരം സമ്മാനിച്ചത്. ശേഷം നടന്ന കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും സുപ്രധാന ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. 1997-ന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുന്നത്.
ഇന്ത്യയിലെ ദാവൂദി ബൊഹ്റ സമൂഹത്തിന്റെ സഹായത്തോടെ പുനഃസ്ഥാപിച്ച കെയ്റോയിലെ പതിനൊന്നാം നൂറ്റാണ്ടിലെ അല്‍-ഹക്കിം മസ്ജിദ് പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മൂന്ന് മാസം മുമ്പാണ് മസ്ജിദ് പുനരുദ്ധാരണം പൂര്‍ത്തിയാക്കിയത്. കെയ്റോയിലെ നാലാമത്തെ ഏറ്റവും പഴക്കമുള്ള പള്ളിയും ഈജിപ്ഷ്യന്‍ തലസ്ഥാനത്ത് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഫാത്തിമിദ് പള്ളിയുമാണ് അല്‍ ഹക്കിം.
ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് യുദ്ധ സെമിത്തേരി സന്ദര്‍ശിച്ച പ്രധാനമന്ത്രി ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിലും പലസ്തീനിലും ധീരമായി പോരാടി വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഹീലിയോപോളിസ് (പോര്‍ട്ട് ട്യൂഫിക്) സ്മാരകവും ഹീലിയോപോളിസ് (ഏഡന്‍) സ്മാരകവും അടങ്ങുന്ന സെമിത്തേരിയില്‍ പ്രധാനമന്ത്രി പുഷ്പാഞ്ജലി അര്‍പ്പിച്ചു. സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഈജിപ്തിലും പലസ്തീനിലും പോരാടി വീരമൃത്യു വരിച്ച ഏകദേശം 4000 ഇന്ത്യന്‍ സൈനികരെ അനുസ്മരിക്കുന്നതാണ് സ്മാരകം


