ആലപ്പുഴയില്‍ ആര്‍എസ്എസ് ബിജെപി ഹര്‍ത്താലിനിടെ വ്യാപക അക്രമം. എസ്ഡിപിഐ നേതാക്കളുടേതുള്‍പ്പെടെ അഞ്ച് കടകള്‍ തകര്‍ക്കുകയും മൂന്നെണ്ണത്തിന് തീവെക്കുകയും ചെയ്തു. എസ്ഡിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി സുനീറിന്റെ കടയും, പ്രാദേശിക നേതാവ് ഷിഹാബുദ്ദീന്റെ പച്ചക്കറിക്കടയുമാണ് തീവെച്ച് നശിപ്പിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
വയലാറില്‍ എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിനേത്തുടര്‍ന്നാണ് ആര്‍എസ്എസ്- ബിജെപി ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് പത്താംപറമ്പില്‍ നന്ദുവാണ് എസ്ഡിപിഐയുമായുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. നാഗംകുളങ്ങര കവലയില്‍ വെച്ചുനടന്ന ജാഥയ്ക്കിടെയായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു.
സംഭവത്തില്‍ എട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. എസ്ഡിപിഐ പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കും വെട്ടേറ്റിട്ടുണ്ട്.
രണ്ടു ദിവസമായി പ്രദേശത്ത് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച രാവിലെ എസ്ഡിപിഐ നടത്തിയ പ്രചരണ ജാഥയില്‍ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായിയിരുന്നു. ഇതിനു പിന്നാലെ വൈകീട്ട് ഇരുപക്ഷവും പ്രകടനം നടത്തി. ഇതിനു ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു. മരിച്ച നന്ദുവിന്റെ തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്. പരുക്കേറ്റ കെഎസ് നന്ദുകൃഷ്ണ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വലതുകൈ അറ്റു പോയി. ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ 8.30 ഓടെ മരിച്ചു.


