സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചിന്തയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പായി. ചിന്ത കുടിശിക ആവശ്യപ്പെട്ട് കത്ത് നല്‍കിയത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്നാണ്. 22/8/2022 ല്‍ ഈ കത്ത് എം ശിവശങ്കര്‍ തുടര്‍ നടപടിക്കായി അയച്ചു.
ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്. 2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ചിന്ത ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നത് എന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുമുണ്ട്.
കത്ത് നല്‍കിയിട്ടില്ലെന്നായിരുന്നു ചിന്ത പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശബളയിനത്തില്‍ എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചിന്ത തന്നെ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ഇതെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതിനെ സാധുകരിക്കുന്നതാണ് പുറത്ത് വന്ന കത്ത്.
ശമ്പള കുടിശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 2022 ഓഗസ്റ്റിലെഴുതിയ കത്ത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചെലവു ചുരുക്കലിന് കര്‍ശന നിര്‍ദ്ദേശങ്ങളും നിലനില്‍ക്കെയാണ് ചിന്ത ജെറോം ശമ്പള കുടിശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും. ലക്ഷങ്ങളുടെ കുടിശിക ചോദിച്ച് വാങ്ങുന്നതിലെ ഔചിത്യം ചര്‍ച്ചയായപ്പോള്‍ അങ്ങനെ ഒരു കത്തുണ്ടെങ്കില്‍ പുറത്ത് വിടാന്‍ ചിന്ത മാധ്യമങ്ങളെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ചിന്ത നല്കിയ കത്ത് പുറത്തുവന്നതിനു ശേഷം പ്രതികരണത്തിന് അവര്‍ തയ്യാറായിട്ടില്ല.


