സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി മുന്‍ എസ്എഫ്ഐ നേതാവിന്റെ ശബ്ദ സന്ദേശം. എസ്എഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ പ്രായം കുറച്ചു പറയാന്‍ ആനാവൂര്‍ നാഗപ്പന് ഉപദേശം നല്‍കിയെന്ന് മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്താണ് വെളിപ്പെടുത്തിയത്. പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ പക്കലുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ സിപിഎം നടപടി എടുത്ത നേതാവാണ് ജെജെ അഭിജിത്ത്. എന്നാല്പ്രായം കുറച്ചു കാണിക്കാന്‍ ആരെയും ഉപദേശിച്ചിട്ടില്ലെന്നു ആനാവൂര്‍ നാഗപ്പന് പ്രതികരിച്ചു.
എസ് എഫ് ഐ നേതാവാകാന്‍ യഥാര്‍ത്ഥ പ്രായം ഒളിച്ചു വച്ചുവെന്നാണ് അഭിജിത്ത് പറയുന്നത്. പ്രായം കുറച്ചു പറഞ്ഞ് ജില്ലാ സെക്രട്ടറിയായി. പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുണ്ട്. പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചത് സിപിഎം ജില്ലാ സെകട്ടറി നാഗപ്പന് സഖാവാണ്. ആരു ചോദിച്ചാലും 26 ആയെന്നു പറയാന്‍ നാഗപ്പന് സഖാവ് പറഞ്ഞു. 26 വയസ് വരെ മാത്രേ എസ്എഫ്ഐയില്‍ നില്‍ക്കാനാവൂ. എനിക്ക് 30 വയസായി. ഞാന്‍ 1992 ലാണ് ജനിച്ചത്. വെട്ടിക്കളിക്കാന്‍ ആരുമില്ല. പഴയതുപോലെ സംഘടനയില്‍ വെട്ടിക്കളിക്കാന്‍ ആരുമില്ലെന്നും അഭിജിത്ത് ഈ ശബ്ദരേഖയില്‍ പറയുന്നുണ്ട്.
ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെജെ അഭിജിത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും നടപടിയെടുത്തത്. അഭിജിത്തിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സിപിഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് സിപിഎം വിശദീകരണം.
പരാതിക്കാരിയുടെ ഭര്‍ത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചുവെന്ന പരാതി പരിശോധിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ലഹരി വിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച അഭിജിത് ഉള്‍പ്പെടെയുള്ള നേതാക്കളെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു.


