കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. സര്‍വ്വകലാശാലയിലെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നാണ് രജിസ്ട്രാര്‍ക്കെതിരായ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ നാട്ടില്‍ ഉണ്ടെന്ന കാര്യം രജിസ്ട്രാര്‍ ഓര്‍ക്കണമെന്നും ഡിവൈഎഫ്ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും കോര്പ്പറേഷന് കൗണ്‍സിലറുമായ അനീസ് അഹമ്മദാണ് രജിസ്ട്രാറെ താക്കീത് ചെയ്തിരിക്കുന്നത്.
രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരത്തിനിടെയാണ് നേതാവിന്റെ ഭീഷണി പ്രസംഗം. മന്ത്രി കെ. രാജനെതിരെയും പ്രസംഗത്തിനിടെ ഡിവൈഎഫ്ഐ നേതാവ് രൂക്ഷവിമര്‍ശനം നടത്തി. സര്‍വ്വകലാശാലയിലെ പിന്നാമ്പുറ കഥകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മന്ത്രി രാജന് ആണെന്നും കുരങ്ങന്റെ കൈയില്‍ പൂമാല കൊടുത്തതും റവന്യൂ മന്ത്രിയാണ് എന്നായിരുന്നു പരാമര്‍ശം.
കാര്‍ഷിക സര്‍വകലാശാലയിലെ സിപിഎം അനുകൂല സംഘടനാ നേതാവിനെ സര്‍വ്വീസില്‍ നിന്ന് തരം താഴ്ത്തിയിരുന്നു. ഇതിനെതിരെയാണ് എംപ്ലോയ്സ് അസോസിയേഷന് സമര രംഗത്തുള്ളത്.


