ജനുവരി അവസാനമോ ഫെബ്രുവരി ആദ്യത്തിലോ ഇന്ത്യയില്‍ കൊവിഡ് വാക്സിന് വിതരണം ആരംഭിക്കാന്‍ സാധിച്ചേക്കുമെന്ന്് റിപ്പോര്‍ട്ടുകള്‍. മരുന്ന് നിര്‍മ്മാണ കമ്പനിയായ അസ്ട്രാസനേക്കയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിന് ശരാശരി 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ലണ്ടനിലെ ഓക്സ്ഫഡ് സര്‍വ്വകലാശാല ഇന്നലെ അറിയിച്ചിരുന്നു. വാക്സിന് ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഇന്ത്യയില്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാംഘട്ട പരീക്ഷണം ഏതാണ്ട് തീരാറായ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഓക്സ്ഫോര്‍ഡ് വികസിപ്പിച്ച അസ്ട്രസെനക്ക വാക്സിന് അടിയന്തര ഉപയോഗത്തിന് അനുവദിക്കാനും സാധ്യതയുണ്ട്. ഇതിനുള്ള അനുമതി തേടി കമ്പനി ഉടനെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.
വാക്സിന്റെ ഉത്പാദനം ഇതിനോടകം കമ്പനി ആരംഭിച്ചുവെന്നാണ് സൂചന. ജനുവരിയില്‍ രാജ്യത്ത് പത്തുകോടിമരുന്ന് വിതരണത്തിന് തയാറാക്കുമെന്ന് അസ്ട്രാസനേക്കയുടെ ഇന്ത്യയിലെ പങ്കാളികളായ പൂനൈ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 90 ശതമാനവും നേരിട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറും. ഡോസിന് 250 വില ഈടാക്കിയാവും സര്‍ക്കാരിന് കമ്പനി വാക്സിന് നല്‍കുക. ഇതേ മരുന്ന രണ്ട് ഡോസിന് ആയിരം രൂപ എന്ന നിരക്കില്‍ പൊതുവിപണിയില്‍ കമ്പനി നേരിട്ടും ലഭ്യമാക്കുമെന്ന് സെറം സിഇഒ അദര്‍ പുനെ വാല അറിയിച്ചു. ഇതിനോടകം നാല് കോടി ഡോസ് വാക്സിന് ഉത്പാദിപ്പിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
മൂന്നാംഘട്ട പരീക്ഷണത്തിലും വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലെന്ന് ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാല ഇന്നലെ വ്യക്തമാക്കി കഴിഞ്ഞു. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, റഷ്യയുടെ സ്പുടിനിക് അടക്കം വേറേയും വാക്സിനുകളും ഇന്ത്യയില്‍ വിതരണത്തിന് എത്താന്‍ സാധ്യതയുണ്ട്. ഒരാള്‍ക്ക് രണ്ട് ഡോസ് എന്ന കണക്കില്‍ 260 കോടി ഡോസ് മരുന്നെങ്കിലും ഇന്ത്യയില്‍ ആവശ്യമായി വന്നേക്കും. ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമായി 1600 കോടി കൊവിഡ് വാക്സിന് വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. നിലവില്‍ 321 വ്യത്യസ്ത കൊവിഡ് വാക്സിനുകളുടെ പരീക്ഷണം ആഗോളതലത്തില്‍ പുരോഗമിക്കുകയാണ്. ഇതില്‍ ഇന്ത്യയുടെ കൊവാക്സിന് അടക്കം അന്‍പതോളം കമ്പനികളുടെ വാക്സിന് പരീക്ഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.
കൊവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. വാക്സിന് വിതരണത്തിന്റെ മുന്ഗണനയടക്കം യോഗത്തില്‍ ചര്‍ച്ചയാകും. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍ പലതും നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടോയെന്നും വെര്‍ച്വല്‍ യോഗം വിലയിരുത്തും.


