ഈ മാസം 31നകം രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനം നിറവേറ്റാനാകില്ലെന്ന നിലപാടില്‍ അമേരിക്ക. എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കാന്‍ ഈ സമയം മതിയാകില്ലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം പ്രസിഡന്റ് ജോ ബൈഡന്റെ അന്തിമ തീരുമാനം പുറത്തു വരും.
നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാ അമേരിക്കക്കാരേയും തിരിച്ചെത്തിക്കുമെന്നും ആരെയും കൈവിടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഇന്നലെ മാത്രം 10,900 ആളുകളെ തിരിച്ചെത്തിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ മാസം 14 നു ശേഷം ഏകദേശം 48,000 ആളുകളെയാണ് അഫ്ഗാനില്‍ നിന്ന് അമേരിക്ക തിരിച്ചെത്തിച്ചത്.
യു.കെ, ഫ്രാന്‍സ്, ജര്‍മനി അടക്കമുള്ള ജി7 രാജ്യങ്ങള്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള തീയതി നീട്ടണമെന്ന നിലപാടിലാണ്. ഇന്ന് നടക്കുന്ന ജി7 സമ്മേളനത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് മറ്റ് രാജ്യങ്ങള്‍ ആശങ്ക അറിയിക്കും.
താലിബാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ഓഗസ്റ്റ് 31നകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് താലിബാന് മുന്നറിയിപ്പ്.