ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്റ്റ് 3ന് മൂന്നു വര്‍ഷം തികയുകയാണ്. കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കളക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുകയാണ്. എന്തൊരു ശിക്ഷയാണ് നടപ്പാക്കിയത് തുടങ്ങിയ പരിഹാസവാക്കുകളാണ് പി.കെ. അബ്ദുറബ്ബ് ഫെയ്സ് ബുക്കില്‍ കുറിച്ചത്.
പുതിയ മാറ്റമനുസരിച്ച് രേണു രാജാണ് പുതിയ എറണാകുളം കളക്ടര്‍. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ്ജ് കളക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് എംഡിയുടെ ചുമതലയും ഖോസയ്ക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരി കിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടറാവും.
പി.കെ. അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുത്തിട്ട് നാളേറെയായി. ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്റ്റ് 3ന് മൂന്നു വര്‍ഷം തികയുമ്പോള്‍ കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കളക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ!. എം.എം.മണി അന്ന് എഫ്.ബി പോസ്റ്റില്‍ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നല്‍കിയില്ല… ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!- മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് ഫെയ്സ്ബുക്കില്‍ കുറിച്ചു.


