സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അക്രമത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാവേലിക്കരയില്‍ ഡോക്ടര്‍ അക്രമത്തിനിരയായ സംഭവത്തില്‍ ഡിജിപിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഉള്‍ക്കൊള്ളുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, മാവേലിക്കരയില്‍ കോവിഡ് രോഗി മരിച്ചതിനെ തുടര്‍ന്ന് പൊലീസുകാരന്റെ മര്‍ദനമേറ്റ ഡോക്ടര്‍ രാഹുല്‍ മാത്യു രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. അക്രമത്തിനിരയായി 40 ദിവസത്തിലേറെയായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി വയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് തീരുമാനം പിന്‍വലിച്ച് ഒരാഴ്ച അവധിയില്‍ പോയി. ഡോക്ടര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അതിനിടെ, സംസ്ഥാനത്തെങ്ങും പ്രതിഷേധം ശക്തമാക്കുമെന്നും നാളെ സ്പെഷല്‍ ഓപിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്നും ഐഎംഎ അറിയിച്ചു.


