ചോദ്യപേപ്പര്‍ ആവര്‍ത്തനത്തിന്റെ പേരില്‍ റദ്ദാക്കിയ പരീക്ഷകള്‍ മേയില്‍ നടത്തുമെന്ന് കണ്ണൂര്‍ സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ച സംഭവിച്ചെന്ന് പരീക്ഷാ കണ്ട്രോളര് സമ്മതിച്ചിരുന്നു. വീഴ്ച്ച വരുത്തിയ അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പരീക്ഷാ കണ്ട്രോളര് അറിയിച്ചു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളാണ് റദ്ദാക്കിയത്.
സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020ലെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവര്‍ത്തിച്ചത്. തുടര്‍ന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചോദ്യപേപ്പര്‍ വീഴ്ചയില്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. പരീക്ഷാ കണ്‍ട്രോളറോടാണ് വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയത്.
ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവം പഠിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സര്‍വകലാശാല അറിയിച്ചു. വിഷയത്തില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ പ്രതിഷേധിച്ചിരുന്നു.