വിവാദമായ ബിബിസി ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിക്കാന്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയും. രണ്ടാം ഭാഗം ഇന്ന് കാലടി സംസ്കൃത സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ന് വൈകിട്ട് 6.30 മണിക്കാണ് പരിപാടി. പരിപാടി സംഘടിപ്പിക്കുന്നത് എസ്എഫ്ഐയുടെ നേതൃത്വത്തിലാണ്. ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ബിബിസിയുടെ ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗമാണ് പ്രദര്‍ശിപ്പിക്കുക.
വെള്ളിയാഴ്ച്ച എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. കാലിക്കറ്റ് കണ്ണൂര്‍ കാലടി സര്‍വകലാശാലകളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അതേസമയം ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇന്ന് രാത്രി 9 മണിക്ക് ജെഎന്‍യു യൂണിയന് ഓഫീസില്‍ പ്രദര്‍ശനമുണ്ടാകും. അതേസമയം അനുമതിയില്ലാതെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി.


